
തൃശൂർ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കാന്തപുരത്തിൻ്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും എംടി രമേശ് പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും എം ടി രമേശ് ചോദിച്ചു.
സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത്? മതനേതാക്കൾ പറയുന്നതിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്നാണ് മുസ്ലീം ലീഗ് നേതാവായ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കാന്തപുരത്തിൻ്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന നിലപാടാണോ വിദ്യാഭ്യാസ മന്ത്രി നടത്തിയത്? അത് സർക്കാരിൻ്റെ അഭിപ്രായമാണോ? ലീഗിൻ്റെ മറ്റൊരു മന്ത്രിയായ കെ എം ഷാജി മൗനം പാലിച്ചു. മുസ്ലീം ലീഗ് കാന്തപുരത്തിൻ്റെ അഭിപ്രായത്തിനൊപ്പമാണോ എന്നും എം ടി രമേശ് ചോദിച്ചു.
നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്ലീം ലീഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിൻ്റെ ബാക്കിപത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാന്തപുരവും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രിയെ സഹായിച്ചു. കേരളത്തിലെ സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനത്തോട് സർക്കാർ സ്വീകരിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും എം ടി രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും എസ്എഫ്ഐയുടെ പ്രസ്താവനയിൽ കാന്തപുരത്തിന്റെ പേരില്ലെന്നും എം ടി രമേശ് പറഞ്ഞു. ശബരിമലയ്ക്കെതിരെ പ്രസ്താവന നടത്തിയ സണ്ണി എം കപിക്കാടിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും എം ടി രമേശ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam