കോട്ടയം പൂത്തിളപ്പിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം മോഷ്ടിച്ചു. വീട്ടുകാർ പുറത്തുപോയ സമയത്ത് പട്ടാപ്പകൽ നടന്ന സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്ടമായിട്ടില്ല.
സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.



