
കോഴിക്കോട്: മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. മുഹമ്മദലി കൊല ചെയ്തെന്ന് പറയുന്ന കാലഘട്ടത്തിലെ രണ്ട് ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച കേസിന്‍റെ രേഖകളാണ് പൊലീസ് തെരയുന്നത്. രണ്ട് കേസിലേയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. അന്ന് മരിച്ചയാളുകളുടെ വിവരങ്ങള്‍ തേടി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
35 വര്‍ഷം മുമ്പ് രണ്ട് കൊലപാതകം ചെയ്തെന്ന് ഏറ്റു പറയുക. കൊല ചെയ്ത സ്ഥലം വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു സൂചന പോലുമില്ലാതിരിക്കുക. വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുന്നത് പൊലീസാണ്. മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 1986ല്‍ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ മരണത്തിന്‍റെ വേരു തേടി അന്വേഷണം തുടങ്ങിയ പൊലീസിന് അന്നത്തെ കാലത്തെ കേസ് ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്ന് മരിച്ചയാള്‍ ഇരിട്ടി സ്വദേശിയായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
അതേസമയം മുഹമ്മദലി മാനസിക പ്രശ്തങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെന്ന സഹോദരന്‍റെ വെളിപ്പെടുത്തലില്‍ ആ വഴിക്കും പൊലീസ് പരിശോധന നടത്തുന്നുണ്ട്. മുമ്പ് ഇയാള്‍ ചികിത്സ തേടിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ആശുപത്രി രണ്ടു വര്‍ഷം മുമ്പ് പൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. വെള്ളയില്‍ ബീച്ചില്‍ വെച്ച് സുഹൃത്തായ ബാബുവിനൊപ്പം കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ എട്ടംഗ ക്രൈം സ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.
വെള്ളയില്‍ ബീച്ചില്‍ 1989ല്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്‍റെ രേഖകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കോടതിയില്‍ ഇത് സംബന്ധിച്ച രേഖകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. മുഹമ്മദലിക്കൊപ്പമുണ്ടായിരുന്ന ബാബുവെന്നയാളെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്താനായി മെഡിക്കല്‍ കോളേജ് അധികൃതരുടെ സഹായം തേടി.യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ പഴയ കേസില്‍ തുടരന്വേഷണം നടത്താനാകുമെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam