മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു; 140 എത്തിയാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും

By Web TeamFirst Published Jul 25, 2021, 9:24 PM IST
Highlights

 ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകും. 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകി ഷട്ടറുകൾ തുറക്കും.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകും. 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകി ഷട്ടറുകൾ തുറക്കും. അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിലെത്തിയാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാനും നിർദ്ദേശം നൽകി. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ നിലവില്‍ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ട് പോകുന്നില്ല. ജലനിരപ്പ് കുറക്കാൻ കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!