Mullaperiyar : മന്ത്രിയുടേത് ദയനീയ കീഴടങ്ങൽ, പിന്നിൽ തമിഴ്നാടുമായുള്ള രഹസ്യധാരണ; വിമർശനവുമായി പ്രേമചന്ദ്രൻ

By Web TeamFirst Published Dec 7, 2021, 8:48 AM IST
Highlights

റോഷി അ​ഗസ്റ്റിൻ നടത്തിയ അഭിപ്രായ പ്രകടനം ദയനീയ കീഴടങ്ങലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്നാടുമായുള്ള രഹസ്യധാരണ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരം: തമിഴ്നാട് (Tamilnadu) മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar)  ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ (Roshy Augustine)നടത്തിയ അഭിപ്രായ പ്രകടനം ദയനീയ കീഴടങ്ങലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി (N K Premachandran). മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്നാടുമായുള്ള രഹസ്യധാരണ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. 

മുല്ലപ്പെരിയാര്‍ വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും.  142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ല. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ജോസ് കെ മാണി

മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി പാർലമെന്റിന് മുന്നിൽ കേരളാ കോൺ​ഗ്രസ് എം നേതാവും എംപിയുമായ  ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. തോമസ് ചാഴിക്കാടൻ എംപിയും പ്രതിഷേധത്തിൽ പങ്കെടുക്കും. പാർലമെന്റിലെ ​ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായിരിക്കും പ്രതിഷേധം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം. 

Read Also: വെള്ളത്തിൽ മുങ്ങി പെരിയാർ തീരം, മന്ത്രിക്കെതിരെ പ്രതിഷേധം; ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു

click me!