Asianet News MalayalamAsianet News Malayalam

Mullaperiyar: വെള്ളത്തിൽ മുങ്ങി പെരിയാർ തീരം, മന്ത്രിക്കെതിരെ പ്രതിഷേധം; ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു

രാവിലെ ആറ് മണിയോടെ ഇടുക്കി അണക്കെട്ട് തുറന്നു. 40 സെന്റിമീറ്റർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നു മാസത്തിനിടെ നാല് തവണ തുറക്കുന്നത് ഇതാദ്യമായാണ്. പെരിയാർ തീരത്ത് ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

mullaperiyar all but one shutter was closed idukki dam opened
Author
Idukki Dam, First Published Dec 7, 2021, 6:53 AM IST

ചെറുതോണി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar dam)  ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് (Tamilnadu) അടച്ചു. പുലർച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. 

അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകൾ അടച്ചത്. നിലവിൽ ജലനിരപ്പ് 141.85 അടിയാണ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയാണ് നീരൊഴുക്ക് വൻതോതിൽ കൂടാൻ കാരണമായത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ പെയ്തത്. മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിയത് ഈ സീസണിലെ ഏറ്റവും കൂടുതൽ അളവ് വെള്ളമാണ്. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് ന​ഗർ, നല്ല തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ക്യാമ്പുകൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. 

രാവിലെ ആറ് മണിയോടെ ഇടുക്കി അണക്കെട്ട് (Idukki dam) തുറന്നു. 40 സെന്റിമീറ്റർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നു മാസത്തിനിടെ നാല് തവണ തുറക്കുന്നത് ഇതാദ്യമായാണ്. പെരിയാർ തീരത്ത് ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 

അതിനിടെ, തമിഴ്നാട് അറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിനെതിരെ റോഷി അ​ഗസ്റ്റിൻ വിമർശിച്ചു.  സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും.  142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

വള്ളക്കടവിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ(Roshy Augustine) നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. റവന്യു ഉദ്യോ​ഗസ്ഥർക്ക് നേരെയും പ്രതിഷേധിച്ചു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

Follow Us:
Download App:
  • android
  • ios