
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar ) മരംമുറിയിൽ (Tree Felling ) ഇടത് സർക്കാരിനെ വെട്ടിലാക്കി സര്‍ക്കാരിന്‍റെ തന്നെ രേഖ. മരംമുറിക്ക് അനുമതി നൽകാൻ സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചുവെന്നാണ് സുപ്രീം കോടതിയിൽ (Supreme Court) സര്‍ക്കാര്‍ നൽകിയ നോട്ടിൽ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 27 നാണ് സ്റ്റാന്‍റിംഗ് കൗണ്‍സിൽ ജി പ്രകാശ് വഴി ഈ നോട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നൽകിയത്.
മുല്ലപ്പെരിയാറിലെ മരം മുറി തീരുമാനം അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് രേഖകൾ പുറത്ത് വന്നത്. മരം മുറിക്ക് അനുമതി നൽകാനാകില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വനം വകുപ്പ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ നോട്ടിൽ മരം മുറി അനുമതിയെ കുറിച്ചാണ് പറയുന്നത്.
ബേബിഡാമിന്‍റെ ബലപ്പെടുത്തലിനെകുറിച്ചും അതിനായി മരങ്ങൾ മുറിക്കുന്നതിനെക്കുറിച്ചുമാണ് നാലാമത്തെ പേജിൽ ആറാമത്തെ വിഷയമായി പറയുന്നത്. തമിഴ്നാടിന്‍റെ മരംമുറി ആവശ്യങ്ങൾ സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തിൽ അംഗീകരിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. മരംമുറിക്കുള്ള അനുമതിക്കായി തമിഴ്നാടിനോട് നിശ്ചിത ഫോര്‍മാറ്റിൽ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല എന്നുകൂടി കേരളം പറയുന്നുണ്ട്. പിന്നീട് നവംബര്‍ 6 നാണ് മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്.
മരം മുറി ഉത്തരവ് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുതന്നെ; ബെന്നിച്ചൻ തോമസ് വനംവകുപ്പിന് നൽകിയ കത്ത് പുറത്ത്
ഒക്ടോബര്‍ 27 ന് കോടതിയിൽ നൽകിയ ഈ നോട്ടിന് പുറമെ നവംബര്‍ 8 ന് മറ്റൊരു സത്യവാംങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. ആ സത്യവാംങ്മൂലത്തിൽ ഇത്തരം വിഷയങ്ങളിലും ഒരു പരാമര്‍ശവും സര്‍ക്കാർ നടത്തുന്നില്ല. തത്വത്തിൽ മരം മുറിക്ക് അനുമതി നൽകാനാകില്ല എന്ന് സുപ്രീംകോടതിയെ അറിയിച്ചു എന്ന സര്‍ക്കാര്‍ നിലപാട് വസ്തുതാപരമായി തെറ്റാണെന്ന് സര്‍ക്കാരിന്റെ തന്നെ രേഖ തെളിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam