
തിരുവനന്തപുരം : പുന സംഘടന ചർച്ച ചെയ്യാൻ ചേരുന്ന കെപിസിസി (KPCC)രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നു. പിജെ കുര്യന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ ഉൾപ്പടെ ചർച്ച നടത്തിയിട്ടും പല വിഷയത്തിലും പരിഹാരമുണ്ടാകാത്തതിൽ മുല്ലപ്പള്ളിക്ക് പരിഭവമുണ്ട്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനിൽക്കൽ.
ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച പിജെ കുര്യനും യോഗത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. രാഹുലിനെതിരെ കുര്യൻ നടത്തിയ പരസ്യ വിമർശനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിട്ടുനിൽക്കലെന്നാണ് സൂചന. എന്നാൽ വിട്ടുനിൽക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യൻ നൽകുന്ന വിശദീകരണം. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനും യോഗത്തിലേക്ക് ക്ഷണമില്ല.
കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല, തീരുമാനം'രാഹുൽ വിമർശന'ത്തിന് പിന്നാലെ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല. വിട്ടുനിൽക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യൻ നൽകുന്ന വിശദീകരണം. എന്നാൽ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചതിന് പിന്നാലെയാണ് വിട്ടു നിൽക്കൽ. രാഹുലിനെതിരെ കുര്യൻ നടത്തിയ പരസ്യ വിമർശനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ തനിക്കെതിരെ വിമർശമുണ്ടായെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ഇന്ന് പങ്കെടുക്കേണ്ടെന്ന് പിജെ കുര്യൻ തീരുമാനിച്ചതെന്നാണ് വിവരം.
കേരളശബ്ദത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് പി ജെ കുര്യൻ ഉയർത്തിയത്. രാഹുൽഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചായിരുന്നു കുര്യന്റെ വിമർശനം. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽഗാന്ധിയെന്നും നെഹ്റു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യൻ തുറന്നടിച്ചു. 2019 ൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി രാഹുൽഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതൽ കോൺഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ലെന്നാണ് കുര്യന്റെ വിമർശനം. പാർട്ടിയിൽ കൂട്ടായ ചർച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുൽ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും അസന്നിഗ്ദമായി കുര്യൻ വ്യക്തമാക്കുന്നു.
മുന്നിൽ നിന്ന് നയിക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹം പദവി ഇട്ടെറിഞ്ഞ് പോയതെന്നും തുറന്നടിച്ചു. അനുഭവജ്ഞാനമില്ലാത്ത കോക്കസാണ് അദ്ദേഹത്തിന് ചുറ്റുമുള്ളതെന്ന് വിമർശിച്ച കുര്യൻ തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലാത്ത ചിലരാണ് ഉപദേശകരെന്നും കുര്യൻ ആരോപിക്കുന്നു. ആദ്യമായാണ് കേരളത്തിൽ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുന്നത്.
കപ്പലുപേക്ഷിച്ച് പുറത്ത് ചാടിയ കപ്പിത്താനെന്ന് രാഹുലിനെ വിമർശിച്ച കുര്യൻ പ്രസഡിന്റായി വീണ്ടും അദ്ദേഹത്തെ വരുത്താനുള്ള നീക്കങ്ങളെയും തള്ളുന്നു. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാൾ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല. നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോൺഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് പരോഗമിക്കുമ്പോഴാണ് മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഹുൽ മുന്നോട്ട് പോകുന്നുവെന്ന പരസ്യവിമർശനം കുര്യൻ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam