പിണറായി വിജയൻ ഡിജിപിയുടെ കയ്യിലെ "കുഞ്ഞിരാമൻ"; മുല്ലപ്പള്ളി

By Web TeamFirst Published Feb 14, 2020, 9:00 PM IST
Highlights

"മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചതിന് അലനും താഹക്കുമെതിരെ യുഎപിഎ ചുമത്താമെങ്കിൽ പൊലീസിന്‍റെ ആയുധ ശേഖരം കാണാതായതിന് ഡിജിപിക്കെതിരെയും യുഎപിഎ ചുമത്തണം"

കോഴിക്കോട്: സംസ്ഥാന പൊലീസിലെ അഴിമതിക്കെതിരായ സിഎജി റിപ്പോര്‍ട്ടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യം. കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പ്രതികരിച്ചു. 

പന്തീരാങ്കാവിൽ അറസ്റ്റിലായ അലനും താഹക്കും എതിരായ കേസ് എന്താണെന്ന് പറയാൻ പോലും ഇത് വരെ സംസ്ഥാന പൊലീസിനോ മുഖ്യമന്ത്രി പിണറായി വിജയനോ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചു എന്നതിനപ്പുറം അവര്‍ ചെയ്ത തെറ്റിനെ കുറിച്ച് ഒരു വിവരവും ആര്‍ക്കും അറിയില്ല. രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താമെങ്കിൽ തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തിൽ ഡിജിപിക്കെതിരെയും യുഎപിഎ ചുമത്തണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യമനുസരിച്ചാണ് ബെഹ്റ കേരള ഡിജിപിയായി തുടരുന്നതെന്നും കാരണം വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ അവിശുദ്ധ കൂട്ടുണ്ട്. ഇക്കാര്യത്തിൽ കാര്യങ്ങൾ ഒളിക്കാനുള്ളത് മുഖ്യമന്ത്രിക്കാണ്. അത്കൊണ്ടാണ് ഡിജിപി പറയുന്നത് കേട്ട് തുള്ളുന്ന കുഞ്ഞിരാമനായി പിണറായി വിജയൻ മാറുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു

click me!