ലാവ്‌ലിന്‍ കേസ്‌; സിബിഐ നടപടി ദുരൂഹം, സിപിഎം ബിജെപി ഇടപെടലെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Oct 15, 2020, 7:48 PM IST
Highlights

മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ്‌ ഇത്രയും തവണ മാറ്റിവയ്‌ക്കുന്നത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണെന്ന് മുല്ലപ്പള്ളി.

കോഴിക്കോട്: ലാവ്‌ലിന്‍ കേസ്‌ വീണ്ടും മാറ്റിവയ്‌ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സി ബി ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്‌.2018 ന്‌ ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ്‌ 20 തവണയാണ്‌ മാറ്റിവച്ചത്‌. 
 
മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ്‌ ഇത്രയും തവണ മാറ്റിവയ്‌ക്കുന്നത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്‌. ഈ മാസം ആദ്യവാരം കേസ്‌ പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന്‌ നിലപാടെടുത്ത സി.ബി.ഐ ആണ്‌ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്‌. ഇതിന്‌ പിന്നില്‍ സി.പി.എം ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന്‌ തന്നെ കരുതണം.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്‌.സി.ബി.ഐയുടെ സംശയാസ്‌പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തിലാണോ? ഏത്‌ ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത്‌ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!