
തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ വൈദ്യുതി ചാര്‍ജ് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കാനും എപിഎല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ചത്. മൂന്നിരട്ടിയോളം വര്‍ധനവാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ നടത്തിയത്. മനുഷ്യപറ്റില്ലാത്ത നടപടിയാണിത്. തോന്നുംപോലെയാണ് സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ്. കൊവിഡ് പ്രതിസന്ധിയില്‍ തൊഴിലും വേതനവുമില്ലാതെ വലയുന്ന ലക്ഷകണക്കിന് ജനങ്ങളെ വീണ്ടും തീരാദുരിതത്തിലാക്കിയാണ് ബസ് ചാര്‍ജ്, വൈദ്യുതിചാര്‍ജ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
പിണറായി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണം കേരള ജനതയ്ക്ക് ദുരിതകാലമായിരുന്നു. വികസന നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കഴിയാത്ത ഭരണമാണ് പിണറായി സര്‍ക്കാരിന്റേത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ഇത്രയും മോശം ചരിത്രമില്ല. സര്‍ക്കാരിന്റെ ബാക്കിപത്രം ശൂന്യമാണ്. വികസനരംഗം തകര്‍ന്നു. ഭരണസ്തംഭനമാണ് സംസ്ഥാനത്ത്. വസ്തുത ഇതൊക്കെയാണെങ്കിലും ധൂര്‍ത്തും കെടുകാര്യസ്ഥതയും ധാരാളിത്തവും അഴിമതിയും നടത്തി ഖജനാവ് കാലിയാക്കുന്നതില്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ.
പ്രളയകാലത്ത് സര്‍ക്കാരിനുണ്ടായ കോട്ടം കൊവിഡ് കാലത്ത് പരിഹരിക്കാനുള്ള പിആര്‍ വര്‍ക്കാണ് ഇപ്പോള്‍ നടക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ തങ്ങളുടേതെന്ന് വരുത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാകുന്ന തിരക്കിലാണ് മുഖ്യമന്ത്രി. കടക്കെണിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നു. ഇത് അനീതിയാണ്. അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊതുകടം 1.50 ലക്ഷം കോടിയില്‍ നിന്നും 2.50 ലക്ഷം കോടിയിലധികം കൊണ്ടെത്തിച്ചു. പിണറായി ഭരണത്തില്‍ സാധരണക്കാരന് ഒരു ഗുണവുമില്ല. നേട്ടം മദ്യ-ക്വാറി മാഫിയകള്‍ക്ക് മാത്രമാണ്. 20000 കോടിയുടെ കൊവിഡ് സാമ്പത്തിക പാക്കേജ് വെറും തട്ടിപ്പാണ്. 14000 കോടിയും കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കടം വീട്ടാനാണ് നല്‍കിയത്. കുടുംബിശ്രീക്കായി പ്രഖ്യാപിച്ച 2000 കോടിയുടെ ലോണ്‍ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ യാഥാര്‍ത്ഥ്യം. കൊവിഡ് മഹാമാരിയെപ്പോലും സര്‍ക്കാര്‍ വരുമാനം കണ്ടെത്താനുള്ള ഉപാധിയായി കണ്ടു. അതിന് തെളിവാണ് സ്പ്രിംക്ലര്‍ ഇടപാടും ബാറുകളിലെ പാഴ്‌സല്‍ മദ്യവില്‍പ്പനയും. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത സര്‍ക്കാരാണിത്. കൊവിഡ് ഭീഷണി നിലനില്ക്കുമ്പോഴാണ് 13 ലക്ഷം കുട്ടികളെ പരീക്ഷാഹാളിലേക്ക് പറഞ്ഞുവിടുന്നത്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കൊവിഡ് കാലത്ത് മറുനാടന്‍ മലയാളികളോടും പ്രവാസികളോടും സര്‍ക്കാര്‍ കാട്ടുന്ന ഇരട്ടത്താപ്പ് അക്ഷന്തവ്യമായ തെറ്റാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ വരാന്‍ കേരളം അനുവാദം നല്‍കുന്നില്ല. അതുപോലെ തന്നെ പ്രവാസികള്‍ വരുന്നതിനെയും സര്‍ക്കാര്‍ എതിര്‍ക്കുന്നു. അവരെ സിപിഎം സൈബര്‍ ഗുണ്ടകള്‍ രോഗവാഹകരെന്നും മരണവ്യാപാരികളെന്നും ചിത്രീകരിക്കുന്നു. അധികാരത്തിന്റെ തണലില്‍ അരുംകൊല നടത്തുന്ന അണികളാണ് പ്രവാസികളെ അവഹേളിക്കുന്നത്. കേന്ദ്ര സര്‍ക്കാരും 20 ലക്ഷം കോടിയുടെ തട്ടിപ്പ് പാക്കേജാണ് പ്രഖ്യാപിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു. സ്വകര്യമേഖലയ്ക്ക് രാജ്യം തീറെഴുതി. മോദി-പിണറായി സര്‍ക്കാരുകള്‍ ദുരന്തമാണ്. ജനദ്രോഹഭരണത്തില്‍ ഇരുവരും ഇരട്ട സഹോദരങ്ങളെപ്പോലെയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. സംസ്ഥാനത്തെ 19000 പഞ്ചായത്ത് വാര്‍ഡുതലത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വഞ്ചനാദിന പ്രതിഷേധം സംഘടിപ്പിച്ചു.
നിബന്ധനകള്‍ അനുസരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി അണി നിരന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam