
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്‍റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. വസ്‍തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരന്‍. വിവാദം അര്‍ത്ഥ ശൂന്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഷാനിമോൾ ഉസ്മാൻ എംഎൽഎമുതൽ പ്രതിപക്ഷനേതാവും കടന്ന് എഐസിസി ജനറൽ സെക്രട്ടറിയെ വരെ വെല്ലുവിളിച്ച കെ സുധാകരന് ഒടുവില്‍ കോണ്‍ഗ്രസ് പിന്തുണ.
പൊട്ടിത്തെറിക്ക് തുടക്കമിട്ട കെപിസിസി വർക്കിംഗ് പ്രസിഡണ്ടിനെതിരെ പാർട്ടി വടിയെടുക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പിന്തുണയ്ക്കാനുള്ള നേതാക്കളുടെ മത്സരം. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റെങ്കിൽ വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം വരെ രാജിവെക്കാമെന്ന് പറഞ്ഞുള്ള സുധാകരന്‍റെ സമ്മർദ്ദത്തിൽ നേതൃത്വം വീണു. സുധാകരന്‍റെ പിണറായി വിരുദ്ധ കാർഡ് അണികൾ വല്ലാതെ ഏറ്റുപിടിച്ചതോടെ പാാർട്ടി സുധാകരന്‍റെ വഴിയിലേക്കെത്തി.
സുധാകരൻ മാപ്പ് പറയണമെന്ന് ആദ്യം ആവശ്യപ്പെട്ട ഷാനിമോൾ ഉസ്മാൻ സുധാകരനോട് ക്ഷമചോദിച്ചു. പെട്ടെന്നുള്ള പ്രതികരണം പിഴവാണെന്ന് സമ്മതിച്ചാണ് പിൻമാറ്റം. നേതാക്കളുടെ ക്ഷമാപണവും തിരുത്തുമെല്ലാം സ്വീകരിച്ച സുധാകരൻ പിണറായിക്കെതിരെ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ചെത്തുകാരൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോയെന്നും സുധാകരന്‍ ഇന്ന് വീണ്ടും ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam