കെപിസിസിക്ക് അച്ചടക്ക സമിതി, മോഹൻ ശങ്കര്‍ കോൺഗ്രസിന് മുതൽക്കൂട്ട്: മുല്ലപ്പള്ളി

By Web TeamFirst Published Jan 27, 2020, 3:33 PM IST
Highlights
  • അച്ചടക്കമില്ലായ്മ വച്ചു പൊറുപ്പിക്കില്ല 
  • അച്ചടക്കം ഉറപ്പാക്കാൻ പ്രത്യേക സമിതി 
  • അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കും 
  • സോഷ്യൽ മീഡിയ നിയന്ത്രണം  
  • ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനം 
  • പൗരത്വ പ്രതിഷേധം ശക്തമാക്കും 
  • രാഹുൽ ഗാന്ധിയുടെ ലോങ് മാര്‍ച്ച് 

തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറ‍ഞ്ഞു. അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. സമിതി എങ്ങനെ വേണമെന്നും ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് . പക്ഷെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കോൺഗ്രസ് പോലെ വലിയ പാര്‍ട്ടിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. പട്ടിക വൈകുന്നത് ആദ്യവും അല്ല. ഇത്തരം പ്രതിസന്ധികൾ ഇതിന് മുന്പും ഉണ്ടായിട്ടുണ്ട്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെര‍ഞ്ഞെടുപ്പ്, അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് വെല്ലുവിളികളെ ഏറ്റെടുക്കാൻ പാകത്തിലാണ് പുനസംഘടനാ ലിസ്റ്റ്. ബൂത്ത് തലം മുതൽ പാര്‍ട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ജനറൽ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം ചുമതലകളുണ്ടാകും, 

ദ്വിമുഖ പോരാട്ടമാണ് കേരളത്തിൽ കോൺഗ്രസിന് മുന്നിലുള്ളത്. മോദി പിണറായി സര്‍ക്കാരുകളെ തുറന്ന് കാണിക്കുന്നതിനുള്ള പോരാട്ടമാണ് കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് പേരും പരാജയപ്പെട്ട ഭരണാധികാരികളാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും കൊണ്ട് നാട് നട്ടംതിരിയുകയാണ്. പിണറായി മോദി സര്‍ക്കാരുകൾക്ക് ജനങ്ങളുടെ ഇച്ഛക്കൊപ്പം പ്രവര്‍ത്തിക്കാനായില്ല. ഇത് തിരിച്ചറിഞ്ഞ് ജനപക്ഷ നിലപാടാണ് കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്. 

ജനുവരി 30 ന് നടക്കുന്ന മനുഷ്യ ഭൂപടത്തിൽ പരമാവധി പേരെ  പങ്കെടുപ്പിക്കാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.പതിനാറ് മാസത്തിനിടെ പന്ത്രണ്ട് തവണ രാഷ്ട്രീയ കാര്യസമിതി ചേര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കാര്യ സമിതിയുടെ യോഗത്തിലും പ്രവര്‍ത്തനത്തിനും എതിരെ ഉയരുന്ന വിമര്‍ശനങ്ങൾക്ക് അര്‍ത്ഥമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

ഭാരവാഹി പട്ടികയെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളും മുല്ലപ്പള്ളി തള്ളി. ആര്‍ ശങ്കരിന്‍റെ മകനായ മോഹൻ ശങ്കര്‍ ഭാരവാഹി പട്ടികയിൽ ഇടം നേടാൻ എന്തുകൊണ്ടും യോഗ്യനാണ്. ആര്‍ ശങ്കറിന്‍റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ നിന്ന് പോലും മോഹൻ ശങ്കര്‍ മാറി നിന്നത് നരേന്ദ്രമോദിയുടെ സാന്നിധ്യം കൊണ്ടാണ്. എല്ലാ അര്‍ത്ഥത്തിലും മോഹൻ ശങ്കര്‍ കോൺഗ്രസിന് മുതൽകൂട്ടാകും എന്നും മുല്ലപ്പള്ളി പറഞ്ഞു. ഒന്നും കാണാതെയും എല്ലാ വശവും ചിന്തിക്കാതെയും ആരേയും ഭാരവാഹി പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടുത്തില്ല . എകെ ആന്റണിയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന നേതാക്കൾ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ആത്മാഭിമാനമുള്ള ഒറ്റ കോൺഗ്രസുകാരനും മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തിട്ടില്ല. ലീഗുകാര്‍ പങ്കെടുത്തോ എന്ന് അവരോട് തന്നെ ചോദിക്കണം. എല്ലാത്തതരത്തിനും അനിശ്ചിതത്വത്തിന്‍റെ തടവറയിലാണ് കേരളത്തിലെ മുഖ്യമന്ത്രി. ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം പറയാൻ പിണറായി വിജയൻ തയ്യാറാകാത്തത് അതിശയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

 

click me!