
തിരുവനന്തപുരം: പാർട്ടി ചുമതലകൾ രാജിവച്ച് കലാപമുണ്ടാക്കൻ ശ്രമിച്ച എംപിമാർക്കെതിരെ കർശനനിലപാടുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലേക്ക് തിരിച്ച് വരാനുള്ള ഇവരുടെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു. പുനസംഘടന വൈകിയതിലും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതിലും നിരാശയുണ്ടെന്നും പുതിയ സെക്രട്ടറിമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ മുല്ലപ്പള്ളി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മോഹവുമായി കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സുധാകരൻ എന്നിവർ നീക്കം തുടങ്ങിയിരുന്നു. യുഡിഎഫ് കൺവീനർ സ്ഥാനം രാജി വച്ച ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും സംസ്ഥാനത്തേക്ക് മടങ്ങാൻ താൽപര്യമുണ്ട്. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കർശന നിലപാട് ഹൈക്കമാന്റിനെയും സംസ്ഥാന നേതാക്കളെയും അറിയിച്ചത്. ഒരു കാരണവശാലും എം പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു. ഇത്തരം നീക്കങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോടും ആവശ്യപ്പെട്ടു.
വ്യക്തിപരമായ താൽപര്യങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുല്ലപ്പളിപ്പള്ളി രാമചന്ദ്രൻ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. പുതിയ സെക്രട്ടറിമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ മുല്ലപ്പള്ളിക്ക് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരസ്യപിന്തുണയും പ്രഖ്യാപിച്ചു. നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച കെ മുരളീധരന്റെയും ബെന്നിയുടേയും നിലപാടിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam