
വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട അവ്യക്തിന് സ്വീകരണമൊരുക്കി പാലക്കാട് മുണ്ടൂർ സ്കൂൾ അധികൃതർ. പ്രവേശനോത്സവത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഹാളിലെത്തിയ അവ്യക്തിന് മധുരം നൽകിയത് സ്കൂളിലെ കുട്ടി റോബോട്ട്.
അവ്യക്തിനെയും അമ്മ രമ്യയെയും തനിച്ചാക്കിയാണ് അച്ഛൻ മഹേഷിനെയും അനിയത്തി ആരാധ്യയെയും ഉരുളെടുത്തത്. ഭർത്താവും മകളും ഭർത്താവിൻ്റെ മാതാപിതാക്കളും നഷ്ടപ്പെട്ട രമ്യ പാലക്കാട്ടെ വീട്ടിലാണ്താമസം. രമ്യ പഠിച്ച അതേ സ്കൂളിലാണ് അവ്യക്ത് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. കഴിഞ്ഞവർഷം ജൂൺ മൂന്നിന് അച്ഛൻ മഹേഷിന്റെ ജീപ്പിൽ അമ്മ രമ്യയ്ക്കും അനിയത്തി ആരാധ്യയ്ക്കുമൊപ്പമാണ് അവ്യക്ത് വയനാട് വെള്ളാർമല സ്കൂളിൽ നാലാംക്ലാസിലേക്ക് പോയത്.
പാലക്കാട്‌മുണ്ടൂർ സ്കൂളിന്റെ പടികയറുമ്പോൾ കൈപിടിച്ചിരുന്ന അച്ഛനും അനിയത്തിയും കൂടെയില്ല. വയനാട്മേപ്പാടിയിലെ പൊട്ടിയെത്തിയ ഉരുളിൽ അച്ഛനും അനിയത്തിയും അച്ഛൻ്റെ മാതാപിതാക്കളും അവ്യക്തിന്നഷ്ടമായി. എല്ലാം നഷ്ടപ്പെട്ട രമ്യയും മകൻ അവ്യക്തും പാലക്കാട് മുണ്ടൂരിലെ രമ്യയുടെ വീട്ടിലാണിപ്പോൾ. പുതിയ വിദ്യാലയത്തിൽ പോകാൻ വെള്ളാർമല സ്കൂളിലെ അധ്യാപകർ ബാഗും കൂടയും നൽകിയതിൻ്റെ സന്തോഷത്തിലാണ് അവ്യക്ത്. അപ്രതീക്ഷിതമായെത്തിയ അതിഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ഉരുളെടുത്തവരുടെ പട്ടികയിലായിരുന്നു അവ്യക്തും. എന്നാൽ പത്രങ്ങളിൽ വന്ന ചിത്രമാണ് അവ്യക്തിനെ അമ്മയുടെ അരികിലെത്തിച്ചത്.