
ടെക്സസിലെ മിന്നൽ പ്രളയത്തെക്കുറിച്ച് കുറിപ്പുമായി യുഎൻ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ടെക്സസിലെ പ്രളയം പലകാരണങ്ങളാൽ അതിശയകരമാണെന്ന് അദ്ദേഹം കുറിച്ചു. ഒരു മണിക്കൂറിൽ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയിൽ ജലം ഉയർന്നത്. ഇരുപത്തിനാല് അടി എന്നാൽ രണ്ടു നില കെട്ടിടത്തിലും ഉയരമാണെന്നും അമേരിക്കയിലെ കാലാവസ്ഥാ ഏജൻസികൾക്കൊന്നും മിന്നൽ പ്രളയം പ്രവചിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികൾ, രക്ഷാപ്രവർത്തനം, അണക്കെട്ടുകളുടെ മാനേജ്‌മെന്റ്, ലാൻഡ് യൂസ് പ്ലാനിങ്ങ്, അർബൻ പ്ലാനിങ്, റോഡുകളും റെയിൽവേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും. ടെക്‌സാസിൽ നിന്നുള്ള പാഠങ്ങൾ അമേരിക്കക്ക് മാത്രം ഉള്ളതല്ലെന്നും അദ്ദേഹം കുറിച്ചു.
ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരുപാടികൾ റദ്ദാക്കിയിരിക്കുകയാണ്.
ജനങ്ങൾക്ക് നേരത്തെ പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ടെക്സിന്‍റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
അവിശ്വസനീയമായ മിന്നൽ പ്രളയം !
ടെക്സസ്സിൽ ഇന്നലെ ഉണ്ടായ മിന്നൽ പ്രളയം പല കാരണങ്ങൾ കൊണ്ട് അതിശയകരമാണ്.
ഒരു മണിക്കൂറിൽ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയിൽ ജലം ഉയർന്നത്. ഇരുപത്തിനാല് അടി എന്നാൽ രണ്ടു നില കെട്ടിടത്തിലും ഉയരമാണ് !
സാധാരണഗതിയിൽ വളരെ വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങൾ ആണ് വികസിത രാജ്യങ്ങളിൽ ഉള്ളത്. വരുന്ന വീക്കെൻഡിൽ പിക്നിക്കോ ക്യാമ്പിങ്ങോ ബാർബെക്യൂവോ ഒക്കെ നടത്തണമെന്ന് വെതർ ഫോർകാസ്റ്റ് നോക്കി പ്ലാൻ ചെയ്യാം. ഇതിന് പുറമെ അടുത്ത മൂന്നോ ആറോ മണിക്കൂറിൽ വരുന്ന മാറ്റങ്ങൾ പറയാൻ "നൗ കാസ്റ്റിംഗ്" ഉണ്ട്. ഇതൊക്കെ നമ്മുടെ കൃത്യം ലൊക്കേഷൻ അനുസരിച്ച് അറിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.
ഇതിനൊന്നും ഈ മിന്നൽ പ്രളയം പ്രവചിക്കാനോ ആളുകൾക്ക് മുന്നറിയിപ്പ് നൽകാനോ സാധിച്ചില്ല. ഇരുപത്തി നാലു പേർ മരിച്ചു എന്നും ക്യാമ്പിങ്ങിന് പോയ ഇരുപത്തി അഞ്ചു കുട്ടികളെ കാണാനില്ല എന്നുമാണ് വാർത്തകൾ.
മഴയുടെ തീവ്രത കൂടും എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറെ മുന്നേ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒരു പ്രത്യാഘാതം ആണ്. ഇത് ലോകത്തിലെവിടെയും ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
അതി തീവ്രതയിൽ മഴ പെയ്യുമ്പോൾ അത് മിന്നൽ പ്രളയമായി, മണ്ണിടിച്ചിലായി, ഉരുൾ പൊട്ടലായി, ഡാമുകളുടെ കവിഞ്ഞൊഴുക്കും തകർച്ചയുമായി, നഗരങ്ങളിലെ വെള്ളെക്കെട്ടായി ഒക്കെ മാറും.
ഇതിപ്പോൾ കേരളത്തിൽ ഏതാണ്ട് പതിവായിട്ടുണ്ടല്ലോ.
മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികൾ, രക്ഷാപ്രവർത്തനം, അണക്കെട്ടുകളുടെ മാനേജ്‌മെന്റ്, ലാൻഡ് യൂസ് പ്ലാനിങ്ങ്, അർബൻ പ്ലാനിങ്, റോഡുകളും റെയിൽവേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും.
ടെക്‌സാസിൽ നിന്നുള്ള പാഠങ്ങൾ അമേരിക്കക്ക് മാത്രം ഉള്ളതല്ല.
മുരളി തുമ്മാരുകുടി