
കോട്ടയം: അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താൽക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനും പ്രതികരിച്ചു. മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകർന്നു വീണ് ബിന്ദു മരിച്ചത്.
ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ച താത്കാലിക ജോലി വേണ്ടെന്ന് കുടുംബം വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഇന്ന് കുടുംബത്തെ കാണാൻ എത്തില്ലെന്ന് വീട്ടിലെത്തിയ സിപിഎം നേതാക്കൾ പറഞ്ഞു. സർക്കാർ പ്രഖ്യാപിക്കുന്ന സഹായം കൊണ്ട് തോരുന്നതല്ല ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ കണ്ണീരെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അത്രയെങ്കിലും ആയല്ലോ എന്ന ആശ്വാസം കുടുംബത്തിനുണ്ട്. പക്ഷേ അമ്മയുടെ ജീവനെടുത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജോലിയിൽ നവനീതിന് താല്പര്യമില്ല. ഇക്കാര്യം വൈക്കം വിശ്വൻ അടക്കമുള്ള സിപിഎം നേതാക്കളെ വിശ്രുതൻ അറിയിക്കുകയായിരുന്നു.
അതേസമയം, തുടർ ചികിത്സയ്ക്കായി നവമിയെ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കുടുംബത്തിനുള്ള നഷ്ടപരിഹാരം എങ്ങനെ വേണമെന്ന കളക്ടറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നഷ്ടപരിഹാരം എത്ര വേണമെന്ന തീരുമാനം എടുക്കുക. വീടിന്റെ നിർമാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി ആർ ബിന്ദു കുടുംബത്തെ അറിയിച്ചു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പേരിൽ പ്രഖ്യാപിച്ച 5ലക്ഷം രൂപയുടെ ധനസഹായം 10ദിവസത്തിനകം കൈമാറുമെന്ന് വീട്ടിലെത്തിയ ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam