
കോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ പ്രമോദിന്‍റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. നേരത്തെ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കോഴിക്കോട് കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (70), പുഷ്പലളിത (66) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിനുശേഷം കാണാതായിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് പോയ പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ തടമ്പാട്ട് താഴത്തെ വീട്ടിൽ നിന്നിറങ്ങി നടന്ന പ്രമോദ് സഹോദരിമാരുടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം ഇയാളുടെ അവസാന ടവർ ലൊക്കേഷനും ലഭിച്ചു. പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് പ്രമോദിന്‍റേതാണെന്ന് സംശയിച്ചിരുന്നു.തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 62 വയസുള്ള പ്രമോദിന്‍റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 70കാരിയായ ശ്രീജയയെയും 66കാരിയായ പുഷ്പലളിതയും പ്രമോദിനൊപ്പമായിരുന്നു താമസം. മൂവരും അവിവാഹിതരാണ്. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആരോഗ്യപ്രശ്നങ്ങൾ കാരണമുണ്ടായ മാനസിക സംഘർഷമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെയും നിഗമനം.
"പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല"
മൃതദേഹം തിരിച്ചറിഞ്ഞുവെന്നും പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഇളയ സഹോദരി വാസന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിക്കുകയാണെങ്കിൽ മൂന്നു പേരും കൂടി ഒരുമിച്ച് എന്ന് ഇടയ്ക്ക് പറയുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.ജീവിതം മടുത്തു കാണും. പ്രമോദിന് മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഉണ്ടായിരുന്നില്ലെന്നും വാസന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam