'ഒരുകാലത്ത് സുഹൃത്തുക്കളായവരാണ് അവനെ കൊന്ന കേസിലെ പ്രതികൾ'; കൊലക്കളത്തിൽ അത്താണി ഇല്ലാതാകുന്നവർ

By Web TeamFirst Published Oct 16, 2020, 5:40 PM IST
Highlights

തൃശ്ശൂരിൽ കൊലപാതകങ്ങള്‍  തുടര്‍ക്കഥയാകുമ്പോൾ അത്താണിയില്ലാതായാത് നിരവധി  കുടുംബങ്ങൾക്കാണ്

തൃശ്ശൂർ: തൃശ്ശൂരിൽ കൊലപാതകങ്ങള്‍  തുടര്‍ക്കഥയാകുമ്പോൾ അത്താണിയില്ലാതായാത് നിരവധി  കുടുംബങ്ങൾക്കാണ്. മുറ്റിച്ചൂർ സ്വദേശി നിധിലിന്റെ മരണത്തോടെ 26 കാരിയായ  അഖില  വിധവയായി.  നിധിലിന്റെ കൊലപാതകത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ഇല്ലാതായത്.

നിധിൽ നല്ലവനായിരുന്നുവെന്നും നാട്ടു കാരുടെ കാര്യങ്ങൾക്ക് മുൻ പന്തിയിലുണ്ടായിരുന്നുവെന്നും   അച്ഛൻ ഉദയൻ പറയുന്നു. ആദർശ് വധക്കേസിൽ പ്രതിയായ നിധിലിനെ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് തിരിച്ചുവരുന്നതിനിടെയാണ്  ആക്രമിച്ചത്. 

അച്ഛനും അമ്മയും നാല് സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ അത്താണിയായിരുന്നു നിധിൽ. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി നോക്കിയിരുന്ന നിധിൽ തേപ്പ് പണിയുൾപ്പെടെ ചെയ്താണ് കുടുംബം പോറ്റിയത്. ഞങ്ങൾക്ക് ജോലിയില്ലായിരുന്നു. അവനാണ് കാര്യങ്ങൾ നോക്കിയിരുന്നതെന്ന് നിധിലിന്റെ സഹോദരൻ പറയുന്നു. പ്രദേശ വാസികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു നിധിൽ.

ഒരുകാലത്ത് സുഹൃത്തുക്കളായിരുന്നവരാണ് പിന്നീട് അന്തകരായതെന്ന് പറയുന്നു നിധിലിന്റെ കുടുംബം. ഇപ്പോൾ കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ ചിലർ പണ്ട് വീട്ടിൽവന്നിരുന്നു. നിധിലുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസം എങ്ങനെയുണ്ടായി എന്നറിയില്ല.

കേസിൽ കുറ്റമറ്റ അന്വേഷണം  സർക്കാ‍ർ നടപ്പാക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അക്രമ രാഷ്ട്രീയം കൊണ്ട് ഒന്നും നേടാനില്ലെന്ന നാട്ടുകാർ മനസിലാക്കണമെന്ന് മാത്രമാണ് മകനെ നഷ്ടപ്പെടുത്തിയ ഒരച്ഛന്  പറയാനുള്ളത്.
 

click me!