
കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് ( Alleppy Ranganath ) അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമാ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിതനായ അദ്ദേഹം, ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .
'എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം, കന്നിമല, പൊന്നുമല, മകര സംക്രമ ദീപം കാണാൻ', തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അയ്യപ്പ ഭക്തിഗാനങ്ങൾ. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ എന്നീ സിനിമകൾക്ക് വേണ്ടിയും ഗാനങ്ങളൊരുക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam