K Sudhakaran : കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ നേതൃത്വം തയ്യാറാകണം: കെ സുധാകരന്‍

By Web TeamFirst Published Jan 16, 2022, 9:18 PM IST
Highlights

യജമാനന്‍ അമേരിക്കക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാകില്ലെന്നും സുധാകരന്‍
 

തിരുവനന്തപുരം: സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 

യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗീയത ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന്‍ ചോദിച്ചു.

യജമാനന്‍ അമേരിക്കക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാകില്ലെന്നും ആര്‍.എസ്.എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവയായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സി.പി.എം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് 

വര്‍ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം. അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്! ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്‍മാറണം.

click me!