
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇത്തവണ മത്സരിച്ച വലിയ പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലിം ലീഗിനാണ്. 81.48 ആണ് മുസ്ലിം ലീഗിൻ്റെ വിജയശതമാനം. സിപിഎം മൂക്കു കുത്തി വീണതോടെ സ്വന്തമായി വോട്ട് ബാങ്കും കേഡർ സ്വഭാവവുമുള്ള ഒരേയൊരു പാർട്ടിയായി മാറിയിരിക്കുകയാണ് ലീഗ്.
27 സീറ്റുകളിൽ മത്സരിച്ച് 22 ഇടങ്ങളിൽ ജയിച്ചു കയറിയ മുസ്ലിം ലീഗ് ഒരിക്കൽ കൂടി ശക്തി തെളിയിച്ചു. അതിൽ തന്നെ രണ്ട് സീറ്റുകളിൽ ചുണ്ടിനും കപ്പിനുമിടയിലാണ് വിജയം നഷ്ടമായത്. ഇത്തവണ മറ്റെല്ലാ പാർട്ടികൾക്കും മുമ്പേ സ്ഥാനാർത്ഥി നിർണയം നടത്തിയവരാണ് മുസ്ലിം ലീഗ്. വനിതകൾ, ചെറുപ്പക്കാർ, പുതുമുഖങ്ങൾ, പോരാളികൾ അങ്ങനെ വൈവിധ്യമുള്ള പട്ടിക ആദ്യം അവതരിപ്പിച്ച മുസ്ലിം ലീഗ് ആ വൈവിധ്യത്തിനു വേണ്ടി തന്നെ ചില നഷ്ടങ്ങൾ സഹിക്കാമെന്ന് ആദ്യമേ തീരുമാനിച്ചു. അതിലൊന്നാണ് വെല്ലുവിളികളെ അതിജീവിച്ച് രണ്ട് വനിതകളെ സ്ഥാനാർത്ഥികളാക്കിയത്. അതിൽ ഒരാൾ ജയിച്ചു കയറുമ്പോൾ മുസ്ലിംലീഗിന് അഭിമാനത്തിന് വലിയ വകയുണ്ട്.
ഇത്തവണ മുസ്ലിം ലീഗ് നേരിട്ടത് സിപിഎമ്മിനെ മാത്രമല്ല, സിപിഎമ്മിലെ വർഗീയത ചാപ്പ കുത്തുന്ന വരെ കൂടിയാണ്. ഒപ്പം വെള്ളാപ്പള്ളിയെയും ബിജെപിയെയും നേരിട്ടു. കടുത്ത പരാമർശങ്ങൾ ഉണ്ടായപ്പോൾ പോലും സംയമനം പാലിച്ചു. പേരാമ്പ്ര പോലെ സെൻസിറ്റീവായ മണ്ഡലങ്ങളിൽ വർഗീയ ധ്രുവീകരണം ഉണ്ടാകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ഔചിത്യത്തോടെ പ്രചാരണം നയിച്ചു. തിരുവമ്പാടിയിൽ ഇടഞ്ഞുനിന്ന സഭയോട് ഇടയാതെ തന്നെ സ്വന്തം സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കാനായി. സാമുദായിക സൗഹാർദ്ദത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയത് ഇതര മത വിശ്വാസികൾ ഉൾക്കൊണ്ടു. കോൺഗ്രസുമായി ഒരു ഘട്ടത്തിലും തർക്കത്തിന് പോയില്ല. കൂടുതൽ സീറ്റുകൾ ചോദിച്ചില്ല. സാമൂഹിക സാഹചര്യം മനസ്സിലാക്കി തീ പിടിപ്പിക്കുന്ന ആവശ്യങ്ങളും നിലപാടുകളും മാറ്റിവെച്ചു.
അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ തുടക്കത്തിൽ സ്ഥാനാർത്ഥി പട്ടിക ചൊല്ലി ഉണ്ടായെങ്കിലും മലബാറിലെ യുഡിഎഫ് വിജയത്തിൽ ഒരു വലിയ പങ്ക് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച മുസ്ലിം ലീഗ് അണികൾക്കുള്ളതാണ്. ഇനി അറിയേണ്ടത് ഈ ആൾബലം വെച്ച് ലീഗ് വിലപേശി ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം കൈപ്പറ്റുമോ എന്നുള്ളതാണ്. ഇതേവരെയുള്ള ലീഗിന്റെ നിലപാടുകൾ പരിഗണിക്കുമ്പോൾ ഒരു തർക്കത്തിലേക്ക് എടുത്തു ചാടാനും സാധ്യതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam