
മലപ്പുറം: പഴയ സിപിഐ - യുഡിഎഫ് ബന്ധത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും യോജിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കെ എൻ എ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട്. ചന്ദ്രികയിലെ ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തിൽ എഴുതിയതാണ്. യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ലെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി. എൽഡിഎഫിലെ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഷ്ട്രീയം മാറാതെ സിപിഐയ്ക്ക് യുഡിഎഫിലേക്ക് എത്താമെന്ന ചന്ദ്രികയിൽ എഴുതിയ ലേഖനത്തെ വിശദീകരിക്കുകയായിരുന്നു കെ എൻ എ ഖാദർ.
ദേശീയതലത്തിൽ സിപിഐയും സിപിഎമ്മും മുസ്ലീം ലീഗുമൊക്കെ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപിയുടെ ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനയ്ക്ക് അധിഷ്ഠിതവുമായ സദ്ഭരണം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഈ പാർട്ടികളുടെ ലക്ഷ്യം. ഇന്ത്യൻ സഖ്യത്തിലെ പാർട്ടികൾ ഒരു സംസ്ഥാനത്ത് വെവ്വേറെ നിൽക്കുന്നതിൽ കുഴപ്പമില്ല. സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രത്യയശാസ്തരപരമായും രാഷ്ട്രീയപരമായവും നയപരമായും ധാരാളമുണ്ടെന്നും കെ എൻ എ ഖാദർ പറഞ്ഞു.
സിപിഐയുടെ പരിപാടികളിൽ ദേശീയ ജനാധിപത്യ മുന്നണി എന്നാണ് എഴുതിവെക്കുക. എന്നാൽ സിപിഎം ജനകീയ ജനാധിപത്യ മുന്നണി എന്ന പേരിലാണ് പരിപാടികൾ നടത്തുന്നത്. അത് രണ്ടും തമ്മിൽ വ്യത്യാസങ്ങളുണ്ട്. രാഷ്ട്രീയരംഗത്തെ ചില സാധ്യതകളാണ് പത്രത്തിലെ നിരീക്ഷണ കോളത്തിൽ എഴുതിയത്, അല്ലാതെ മുന്നണിയിലേക്കുള്ള ക്ഷണമല്ല. ക്ഷണിക്കേണ്ട ആളുകൾ വേറെയാണ്. താനൊരു ലേഖനമെഴുതിയാൽ അത് എങ്ങനെ ലീഗിൻ്റെ ക്ഷണമാകും. തൻ്റെ നിരീക്ഷണം ക്ഷണമായി കാണുന്നതിൽ അർത്ഥമില്ലെന്നും കെ എൻ എ ഖാദർ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam