അനധികൃതമായി പിടിച്ച മത്സ്യവുമായെത്തിയ ബോട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: അനധികൃതമായി പിടിച്ച മത്സ്യവുമായെത്തിയ ബോട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. ഐ.എന്‍.ഡി.കെ.എല്‍ 07 എം.എം 5192 നമ്പറിലുള്ള പവിഴം ബോട്ടാണ് കഴിഞ്ഞ ദിവസം രാവിലെ ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അനേകം മത്സ്യങ്ങളുമായി എത്തിയത്. ട്രോളിംഗ് നിരോധനം അവസാനിച്ചത് മുതല്‍ ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം വ്യാപകമായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ഇത്തരത്തില്‍ പിടികൂടിയ ടണ്‍കണക്കിന് മത്സ്യങ്ങള്‍ ലോറികളില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് പരിശോധന ആരംഭിച്ചപ്പോള്‍ തന്നെ അനധികൃതമായി പിടികൂടിയ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഒളിപ്പിച്ചതായി ചില ബോട്ടുകാര്‍ വെളിപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എസ്ഐ സി കെ രാജേഷ്, സിപിഒ ബിപിന്‍, ശ്രീരാജ്, റസ്‌ക്യൂ ഗാര്‍ഡ് രാജേഷ്, മുഹമ്മദ് ബിലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.