
മലപ്പുറം : ആർഎസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശം യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. അനവസര പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തിൽ മുസ്ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സാഹചര്യം ഇനി ആവർത്തിക്കാൻ ശ്രമിക്കണം. മുസ്ലിം ലീഗ്, യുഡിഎഫ് മുന്നണി മാറുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല. കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ ഇടപെടാൻ ലീഗ് താല്പര്യപ്പെടുന്നില്ല. അക്കാര്യത്തിൽ കോൺഗ്രസ് എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ ലീഗ് അഭിപ്രായം പറയുമെന്നും പിഎംഎ സലാം വിശദീകരിച്ചു.
അതിനിടെ, കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതിയും ലഭിച്ചു. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയരുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെട്ട് നടപടിയെടുക്കണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
'സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരം', പാർട്ടി പരിശോധിക്കുമെന്ന് വിഡി സതീശൻ
കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം.