
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ഇന്ന് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്. മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് കോഴിക്കോട് ചേർന്ന് നേതൃയോഗത്തിന് മുമ്പായി പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു. സാഹചര്യം അനുകൂലമാണ് എങ്കിലും ജയം ഉറപ്പാക്കാൻ സ്ഥാനാർത്ഥിയെ നിർണയത്തിൽ ടേം വ്യവസ്ഥ മാനദണ്ഡം ആക്കണമെന്ന ആവശ്യവും യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു.
തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള സീറ്റുകള്‍ കോൺഗ്രസുമായി വച്ച് മാറുന്ന കാര്യവും ചർച്ചകളിലുണ്ട്. എസ്ഐആറിനെതിരായ പ്രക്ഷോഭ പരിപാടികളും ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വരെ കണ്ടെത്താനായി ഈ മാസം 10 ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും മുസ്ലിം ലീഗ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam