
കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ കെ.വി. വിനോദ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിലെ കോടതിവിധിയിൽ തൃപ്തരല്ലെന്ന് കുടുംബം. മരവിച്ച മനസുമായാണ് കോടതി വിധി കേട്ടതെന്നും കേസ് നടത്തിപ്പിൽ സന്തുഷ്ടരല്ലെന്നും വിനോദിന്റെ സഹോദരനായ റിട്ട. എസിപി കെ.വി. ബാബു പ്രതികരിച്ചു. കേസിന്റെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. നീതിക്കായുള്ള പോരാട്ടം അനിവാര്യമാണ്. അത് സർക്കാർ ചെയ്തില്ലെങ്കിൽ വ്യക്തിപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധി കേരളത്തിലെ സമൂഹത്തിനും പൊലീസിനും സമർപ്പിക്കുകയാണ്. സർവീസിലിരിക്കെ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനുള്ള ആനുകൂല്യങ്ങൾ പോലും കിട്ടിയിരുന്നില്ല. മകനെ കുരുതി കൊടുത്തുവെന്നാണ് മാതാപിതാക്കൾ പോലും പറഞ്ഞത്. നീതി ലഭിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. 23 വർഷം ഈ വിധിക്കായി കാത്തിരിക്കേണ്ടിവന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനിടെയാണ് അനുജൻ കൊല്ലപ്പെട്ടത്. നീതിക്കായുള്ള പോരാട്ടം അനിവാര്യമാണ്. അത് സർക്കാർ ചെയ്തില്ലെങ്കിൽ വ്യക്തിപരമായി പോരാടും. അനുജന്റെ ആത്മാവിന് വേണ്ടി അത് ചെയ്യും. വൃദ്ധയായ അമ്മ ഈ വിധി നോക്കിയിരുന്നതാണ്. ആ അമ്മയോട് ഇനി എന്ത് പറയുമെന്ന് അറിയില്ല. അർഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ഇതുവരെ കുടുംബത്തിന് ലഭിച്ചില്ലെന്നും റിട്ട. എസിപി കെ.വി. ബാബു കൂട്ടിച്ചേർത്തു.
2003-ലെ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിലാണ് കല്പറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്. കേസിലെ എല്ലാപ്രതികളെയും വെറുതെവിടുന്നു എന്നായിരുന്നു കോടതി വിധി. കേസിലെ രണ്ടാംപ്രതിയായ അശോകന്റെ വെട്ടേറ്റാണ് പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതെന്ന് കോടതി കണ്ടെത്തി. എന്നാൽ, പ്രതിയായ അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ ഇവരെ വെറുതേവിടുകയായിരുന്നു.
അതേസമയം, പൊലീസുകാരനായ സലാമിനെയും വനപാലകരെയും ആക്രമിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നുമുള്ള കേസിൽ മുത്തങ്ങ സമരത്തിന്റെ നേതാവായിരുന്ന ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ ബാക്കി 53 പ്രതികളെ കോടതി വെറുതെവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam