
കൊച്ചി: പത്തുവര്‍ഷത്തോളമായി തുടരുന്ന മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിൽ തര്‍ക്കത്തിൽ തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്. എറണാകുളം ജില്ലാ ലേബര്‍ കോടതിയാണ് നിര്‍ണായക ഉത്തരവിറക്കിയത്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുൻകാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ് ഫിനാന്‍സിനോട് ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടത്.
തൊഴിലാളി സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട മുഴുവൻ പേരെയും നാലു മാസത്തിനകം തിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം. ഇതിൽ സ്വമേധയാ പിരിഞ്ഞുപോയവരെ ഒഴികെയാണ് തിരിച്ചെടുക്കേണ്ടത്. തിരിച്ചെടുത്തില്ലെങ്കിൽ ആറു ശതമാനം പലിശസഹിതം ഇവര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ലേബര്‍ കോടതി ഉത്തരവ് വന്നെങ്കിലും ഇതിനെതിരെ മുത്തൂറ്റിന് അപ്പീൽ പോകാനും അവസരമുണ്ട്.
ദീര്‍ഘകാലമായി നടന്നുകൊണ്ടിരുന്ന തൊഴിൽ തര്‍ക്കത്തിലാണ് ലേബര്‍ കോടതി ഇപ്പോള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സിഐടിയും ഉള്‍പ്പെടെ ദീര്‍ഘകാലമായി മുത്തൂറ്റിലെ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ സമരം നടത്തിയിരുന്നു. പലതവണ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമായിരുന്നില്ല. പതിനെട്ടിലധികം തവണയാണ് ചര്‍ച്ച നടന്നത്.
മുത്തൂറ്റ് ഫിാന്‍സിന്‍റെ 43 ശാഖകള്‍ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ സമരം നടന്നിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മധ്യസ്ഥന്‍റെയും അഡീഷണൽ ലേബര്‍ കമ്മീഷണറുടെയും മേൽനോട്ടത്തിൽ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
മുത്തൂറ്റ് തൊഴിൽ തർക്കം; നിലപാടിൽ ഉറച്ച് മാനേജ്മെന്‍റ്, പരിഹാര ചർച്ച വീണ്ടും പരാജയം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam