സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി; യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

By Web TeamFirst Published Sep 9, 2019, 3:58 PM IST
Highlights

ചര്‍ച്ച അനാവശ്യമെന്ന് വ്യക്തമാക്കി യോഗത്തില്‍ നിന്നും ജോര്‍ജ് അലക്സാണ്ടര്‍ ഇറങ്ങിപ്പോയി.

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങി.  

മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങിയത്. യോഗത്തില്‍ പങ്കെടുക്കാൻ കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജോർജ് അലക്സാണ്ടർ പറഞ്ഞു. മുത്തൂറ്റ് ഫിനാൻസിൽ ഇപ്പോഴുള്ളത് തൊഴിൽ തർക്കമല്ല ക്രമസമാധാന പ്രശ്നമാണ്.  സമരം മുന്നോട്ടു പോയാൽ കൂടുതൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും നിലവിൽ 43 ബ്രാഞ്ചുകൾ പൂട്ടുന്നതിന് ആർബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്നപ്പോൾ, 'ജോലിയെടുക്കാൻ അവകാശ'മുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എംഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. 

സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച നടത്തിയത്.

click me!