റവന്യു ഉത്തരവിന്‍റെ മറവിൽ മരം കൊള്ള; കേസെടുത്ത് ക്രൈം ബ്രാഞ്ച്, എഡിജിപി നാളെ മുട്ടിൽ സന്ദർശിക്കും

By Web TeamFirst Published Jun 15, 2021, 5:54 PM IST
Highlights

മൂന്നു ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖകളിലായി തിരിച്ചാണ് അന്വേഷണം. വ്യാപക മരംമുറി നടന്ന വയനാട്ടിലെ അന്വേഷണം എസ്പി കെവി സന്തോഷ് കുമാറിൻറെ നേതൃത്വത്തിൽ നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരം മുറിക്കാനുള്ള റവന്യൂ ഉത്തരവിൻറെ മറവിൽ മരംകൊള്ള നടത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ യോഗം ചേര്‍ന്ന് അന്വേഷണ നടപടികൾ ചര്‍ച്ച ചെയ്തു. വ്യാപകമായി മരംകൊള്ള നടന്ന  വയനാട് മുട്ടിലിൽ നാളെ എഡിജിപി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘം സന്ദർശിക്കുന്നുണ്ട്. 

മൂന്നു ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖകളിലായി തിരിച്ച് അന്വേഷണം തുടങ്ങാനാണ് തീരുമാനം. വ്യാപക മരംമുറി നടന്ന വയനാട്ടിലെ അന്വേഷണം എസ്പി കെവി സന്തോഷ് കുമാറിൻറെ നേതൃത്വത്തിൽ നടക്കും. വിജിലൻസ് ഡിവൈഎസ്പി വി ബാലകൃഷ്ണനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ചിൻറെ ആദ്യ എഫ്ഐആ‍ർ. എഫ്ഐആറിൽ ആരെയും പ്രതിചേർത്തിട്ടില്ല. 

തൃശൂരിൽ നടന്ന മരംകൊള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പി സുദർശനും, എറണാകുളം,ഇടുക്കി ജില്ലകളിലെ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബ്യു മാത്യുവും അന്വേഷിക്കും. ലോക്കൽ പൊലീസിനെയും ഓരോ ജില്ലകളിലെയും വനം ഉദ്യോഗസ്ഥരേയും അന്വേഷണത്തിൻറെ ഭാഗമാക്കും. പ്രത്യേക സംഘത്തിൻറെ ആവശ്യപ്രകാരം കൂടുതൽ വിജിലൻസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.

അതേ സമയം മരമംമുറി കേസിൽ പ്രതികളായ ആൻറോയും റോജിയും നൽകിയ ജാമ്യ ഹർജിയിൽ വ്യാഴാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.  എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാമെന്നതിനാല്‍  അടിയന്തിരമായി ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്നും പ്രതികൾ കോടതിയില്‍ ആവശ്യപ്പെട്ടു.  

നിലനില്‍ക്കാത്ത കേസാണിതെന്നും രാഷ്ട്രീയ, മാധ്യമ വേട്ടയാണ് നടക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റൊരു കേസിൽ റോജിക്ക് നൽകിയിരിക്കുന്ന ജാമ്യം റദ്ദാക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

click me!