മുട്ടിൽ മരംമുറി കേസ് പ്രതികൾ മുൻ വനംമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ചു ; ഡിഎഫ്ഒയെ മാറ്റാൻ ആവശ്യപ്പെട്ടു

By Web TeamFirst Published Jun 24, 2021, 11:02 AM IST
Highlights

മുൻ മന്ത്രി കെ രാജുവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെയാണ് പ്രതികൾ വിളിച്ചത്. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിലെ പ്രതികൾ മുൻ വനം മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം.  വിളിച്ചിരുന്നു എന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഡിഎഫ്ഒയെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ്  മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതികൾക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു . 

ഓഫീസ് നമ്പറിലാണ് വിളിച്ചത്. അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോ എടുക്കാനാകില്ല. മിസ്ഡ് കോളാണ് വന്നത്. അത്തരം ഏത് കോള് കണ്ടാലും തിരിച്ച് വിളിക്കാറുണ്ട്. പ്രതികളിലൊരാളായ ആന്റോയുടെ നമ്പറിൽ നിന്നാണ് ഫോൺ വന്നത്,  ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോ എന്നും ശ്രീകുമാര്‍ ചോദിക്കുന്നു.  

ഫോണിൽ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസിൽ വന്ന്  കാണുകയും ചെയ്തിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് ആന്റോയുടേയും റോജിയുടേയും വിളിയെത്തിയത് എന്ന് പറയുന്നു. എന്നാൽ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും ആ ഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പിൽ നിന്നാണ്. 

സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നിൽക്കുന്നു എന്നും സഹായിക്കണം എന്നുമായിരുന്നു  ആവശ്യം. എന്നാൽ നിയമപരമായ തടസങ്ങളുള്ളത് കൊണ്ടാകും ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും വ്യവസ്ഥാപിതമായ രീതിയിൽ അപേക്ഷ നൽകണമെന്നും ഉള്ള മറുപടിയാണ് നൽകിയത്. 

തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന ആവശ്യം പോലും പ്രതികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സഹായവും  ചെയ്ത് കൊടുത്തിട്ടില്ല.  ഡിഎഫ്ഒയെ അവിടെ തന്നെ നിലനിർത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും ശ്രീകുമാര്‍ വിശദീകരിക്കുന്നു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കൽ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു. 

റോജിയും ആന്റോയും മുൻ വനംമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിന്റെ ഫോൺ രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇതിലാണ്  മുൻ മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം. വനം വകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട സീറ്റിൽ ഇരുന്നത് കൊണ്ട് തന്നെ പല ആവശ്യങ്ങൾക്കായി പലരും വിളിക്കാറുണ്ടെന്നാണ് ശ്രീകുമാര്‍ പറയുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!