
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പികെ ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത് കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവ്വഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും രംഗത്തെത്തി. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ സി കൃഷ്ണകുമാറിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ. കുട്ടികളുടെ ക്രിസ്മസ് കാരോൾ സംഘത്തിന് നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാർത്ഥ വർഗീയ മുഖം കൂടുതൽ വ്യക്തമായെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു. സി കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയ ആണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam