
കോഴിക്കോട്: വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂ എന്ന് സിപിഎം കേന്ദ്ര കമ്മറ്റിയഗം എംവി ഗോവിന്ദൻ. 'വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല'. അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നും അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിൽ എം വിഗോവിന്ദന്റെ പരാമർശം.
'1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. അതിന് ആവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല.
ഇന്ത്യയിൽ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്ലിമോ പാഴ്സിയോ സിഖോ ആയി. അത്തരം സമൂഹത്തിൽ ഭൌതിക വാദം പകരം വെക്കാനാകില്ല'. അത് മനസിലാക്കിയേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും പ്രസംഗത്തിൽ പരാമർശിക്കുന്നു. ശബരിമലയെക്കുറിച്ചും പ്രസംഗത്തിൽ പറയുന്നുണ്ട്.
ശബരിമല സ്ത്രീ പ്രവേശനമടക്കം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ സിപിഎമ്മും സംസ്ഥാന സർക്കാരും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾ യുഡിഎഫ് അടക്കം ഉയർത്തുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിന്റെ ഈ പരാമർശമെന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam