കൊവിഡ് മുക്തനായ എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും; ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും

By Web TeamFirst Published Feb 9, 2021, 6:29 AM IST
Highlights

വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നി‍ർദേശം.

കണ്ണൂർ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 

കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധ സംഘം ഉൾപ്പടെ എത്തി പ്രത്യേക പരിചരണമാണ് ജയരാജന് നൽകിയത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നി‍ർദേശം.

click me!