
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നും ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിര്‍ദേശച്ചതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഔദ്യോഗിക വിശദീകരണം. ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിർദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഉടൻ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു.. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്സോഴ്സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam