യുഡിഎഫുമായി ചർച്ചയ്ക്കില്ലെന്ന് ജോസ് വിഭാ​ഗം; ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ലെന്നും എൻ ജയരാജ്

By Web TeamFirst Published Jul 1, 2020, 4:07 PM IST
Highlights

ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഏകപക്ഷീയമായി കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കുകയും ചെയ്ത നടപടി യുഡിഎഫ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. വീണ്ടും ചര്‍ച്ച ചെയ്തു എന്ന് വരുത്തിത്തീര്‍ത്ത് അപമാനിക്കാനും അപഹാസ്യരാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 

കോട്ടയം: മുന്നണിയിൽ നിന്ന് പുറത്താക്കിയതു സംബന്ധിച്ച് യുഡിഎഫുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് കേരളാ കോൺ​ഗ്രസ് എം ജോസ് കെ മാണി പക്ഷം. യുഡിഎഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് എൻ.ജയരാജ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഏകപക്ഷീയമായി കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കുകയും ചെയ്ത നടപടി യുഡിഎഫ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. വീണ്ടും ചര്‍ച്ച ചെയ്തു എന്ന് വരുത്തിത്തീര്‍ത്ത് അപമാനിക്കാനും അപഹാസ്യരാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മാര്‍ത്ഥത ഇല്ലാത്ത അത്തരം ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കാനാവില്ലെന്നും എൻ ജയരാജ് പറഞ്ഞു.

അതേസമയം, ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യുഡിഎഫ് യോ​ഗം ഇപ്പോൾ പുരോ​ഗമിക്കുകയാണ്.  കേരള കോൺഗ്രസ്സിലെ പ്രശ്നങ്ങൾ യോ​ഗം ചർച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ ചർച്ച വേണമെന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളത്. യുഡിഎഫ് ആവശ്യപ്പെട്ടാൽ സമവായ ചർച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞ സാഹചര്യത്തിൽ മുന്നണി എടുക്കുന്ന തീരുമാനം പ്രധാനമാണ്. 

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം തൽക്കാലം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തിൽ പി ജെ ജോസഫും അവിശ്വാസത്തിന് നിർബന്ധം പിടിക്കാനിടയില്ല.

Read Also: വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം; ജോസ് പക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി...

 

click me!