ഒതായി മനാഫ് വധം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം, കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

By Web TeamFirst Published Jul 1, 2020, 3:58 PM IST
Highlights

ഒതായി അങ്ങാടിയില്‍ വച്ച് 1995നാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ കുത്തിക്കൊന്നത്. കേസിലെ 26 പ്രതികളിൽ എംഎല്‍എയായ പിവി അൻവര്‍ അടക്കമുള്ള 21 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു

മലപ്പുറം: ഒതായിലെ മനാഫ് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെതിരെ മനാഫിന്‍റെ കുടുംബം മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. കേസിന്‍റെ  വിചാരണക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ  നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് കുടുംബം കുറ്റപെടുത്തി.

ഒതായി അങ്ങാടിയില്‍ വച്ച് 1995നാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ കുത്തിക്കൊന്നത്. കേസിലെ 26 പ്രതികളിൽ എംഎല്‍എയായ പിവി അൻവര്‍ അടക്കമുള്ള 21 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഒരു പ്രതി മരിക്കുകയും ചെയ്തു. 25 വര്‍ഷം ഒളിവിലായിരുന്ന ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനും മനാഫിന്‍റെ കുടുംബം തീരുമാനിച്ചിട്ടുണ്ട്. 

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും, ഇതിന് പിന്നിൽ പിവി അന്‍വറിന്‍റെ സാധീനമെന്നും കുടുംബം ആരോപിച്ചു. മനാഫിന്‍റെ സഹോദരങ്ങളടക്കമുള്ള കുടുംബാംഗങ്ങളുടെ ധര്‍ണ്ണ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രതികളുടെ അടുത്ത ബന്ധുവായ പിവി അൻവര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി.കെ.ഫിറോസ്  ആരോപിച്ചു.

click me!