പൊലീസിനെ ജനങ്ങളിലേക്ക് അടുപ്പിച്ച ജനമൈത്രി, ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി; കോടിയേരി എന്ന ആഭ്യന്തര മന്ത്രി

By Web TeamFirst Published Oct 1, 2022, 11:54 PM IST
Highlights

എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു കോടിയേരിയുടെ വിജയം.

സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു കോടിയേരിയുടെ വിജയം.

തുരുമ്പെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തിലൊരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിക്കാലം മാറ്റം വരുത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. നാലരപതിറ്റാണ്ട് മുൻപ് ലാത്തിയടിയേറ്റൊരു വിദ്യാർത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ട് ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം. പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്. സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്. ഒരു തമാശയ്ക്ക് വേണമെങ്കിൽ കോടിയേരിയുടെ പൊലീസിന് ഒരു എല്ല് കൂടുതലായിരുന്നു എന്ന് പോലും പറയാം.

രാഷ്ട്രീയ ലാത്തിയേന്തിയതിന്റെ പേരിൽ കരുണാകരന്‍റെ പൊലീസെന്നും പിണറായിയുടെ പൊലീസെന്നും കേരളം കേട്ടിട്ടുണ്ടെങ്കിലും, കോടിയേരിയുടെ പൊലീസെന്ന് കേള്‍പ്പിച്ചതേയില്ല. അതുകൊണ്ടാണ് ചരിത്രത്തിലേക്ക് നോക്കി കോടിയേരിയിലെ ആഭ്യന്തരമന്ത്രിക്ക് കേരളം നീണ്ടുനിവര്‍ന്ന് സല്യൂട്ട് അടിക്കുന്നത്.

Also Read: കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു, വിട പറഞ്ഞത് സിപിഎമ്മിലെ അതികായന്‍

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി  മക്കളായ  ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

click me!