Latest Videos

നാര്‍ക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്‍റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ഡിവൈഎഫ്ഐ

By Web TeamFirst Published Sep 10, 2021, 10:19 PM IST
Highlights

കേരളത്തിന്‍റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്

തിരുവനന്തപുരം: ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ അപലപിച്ച് ഡിവൈഎഫ്ഐ. ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ നാർക്കോട്ടിക് ജിഹാദ് ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണെന്ന് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരുമയോടെ നിലനിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല.

അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിൻവലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ എതിര്‍ത്തിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!