ദേശീയ ബാലാവകാശ കമ്മീഷനും വാളയാറിലേക്ക്: കേസ് ഏറ്റെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ

By Web TeamFirst Published Oct 29, 2019, 6:17 PM IST
Highlights
  • ആവശ്യമെങ്കിൽ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
  • കമ്മീഷൻ അന്വേഷണസംഘം 31ന് വാളയാറിലെത്തും.

ദില്ലി: വാളയാ‌‌‌ർ കേസിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷനും. കമ്മീഷന്റെ അന്വേഷണസംഘം  വാളയാറിലെ വീട്ടിൽ എത്തി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. സുപ്രീം കോടതി അഭിഭാഷകൻ ഉൾപ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്. കോടതി വിധി ഉൾപ്പെടെ ശേഖരിച്ച് കമ്മീഷന്  റിപ്പോർട്ട് നൽകാനാണ് തീരുമാനം.

ആവശ്യമെങ്കിൽ കുടുംബത്തിന് നിയമസഹായം നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമ്മീഷൻ അംഗം യശ്വന്ത് ജെയിൻ ഉൾപ്പെടെ ഉള്ള നാലം​ഗ സംഘം ഈ മാസം 31 ന് ആണ് വാളയാറിലെത്തുക.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന്‍ വാളയാറിലെത്തുന്നത്. വിദേശ കാര്യമന്ത്രാലയത്തിലെത്തി കമ്മീഷന്‍ ചെയര്‍പേഴ്സൺ പ്രിയങ്ക് കനൂങ്കോ വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാളയാ‌ർ കേസിന് പുറമെ സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ പരിശോധിക്കും.

Read More: ദേശീയ ബാലാവകാശ കമ്മീഷൻ വാളയാർ സന്ദർശിക്കും

കേസില്‍ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും, നിരപരാധിത്വം തെളിയാക്കുനുള്ള പോക്സോ പ്രതിയുടെ ഉത്തരവാദിത്തം കോടതി പരിഗണിച്ചിട്ടില്ലെന്നും ആയിരുന്നു ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read More: വാളയാ‌‌ർ കേസ്: ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ദില്ലിക്ക് വിളിപ്പിച്ച് ദേശീയ എസ്‍സി കമ്മീഷൻ

പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ​ഗസ്ഥരും കേസ് അട്ടിമറിച്ചെന്ന് വാളയാറിലെ വീട്ടിലെത്തിയ ദേശീയ പട്ടിക ജാതി കമ്മീഷൻ ഉപാധ്യക്ഷൻ തുറന്നടിച്ചിരുന്നു. കേസിൽ വലിയ വീഴ്ചകളുണ്ടായ സാ​ഹചര്യത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കമ്മീഷൻ ദില്ലിയ്ക്ക് വിളിപ്പിക്കും.  കമ്മീഷൻ വാളയാ‌ർ കേസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ബാലാവകാശ കമ്മീഷനും കേസിൽ അനുകൂല നിലപാടുമായി രം​ഗത്തെത്തുന്നത്.

click me!