ദില്ലി: ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന്‍ വാളയാറിലെത്തുന്നത്. ഇതിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയത്തിലെത്തി കമ്മീഷന്‍ ചെയര്‍പെഴ്സണ്‍ പ്രിയങ്ക് കനൂങ്കോ, വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ പരിശോധിക്കും.കേസില്‍ പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും നിരപരാധിത്വം തെളിയിക്കാനുള്ള പോക്സോ പ്രതിയുടെ ഉത്തരവാദിത്തം കോടതി പരിഗണിച്ചിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനെന്ന് നേരത്തെ,  മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.