
ദില്ലി: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരുടെ സസ്പെൻഷൻ പിൻവലിച്ച് ദേശീയ നേതൃത്വം. എൻഎസ് നുസൂറിന്റെയും എസ് എം ബാലുവിന്റെയും സസ്പെൻഷനാണ് പിൻവലിച്ചത്. യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോർച്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തത്തിനു അയച്ച കത്തുമായി ബന്ധപ്പെട്ടായിരുന്നു അച്ചടക്കനടപടി. പാലക്കാട് ചിന്തൻ ഷിബിരിലെ വനിതാ പ്രവർത്തകരുടെ പരാതി ചോർന്നതിലും ഇരുവരും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കത്തുകൾ മാധ്യമങ്ങൾക്ക് നല്കി എന്ന പേരിൽ ആയിരുന്നു നടപടി.
കഴിഞ്ഞ വർഷം ജൂൺ 13 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയത്. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ചാറ്റ് പുറത്താവുകയും കെഎസ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്.
ചാറ്റ് പുറത്തായിട്ടും നടപടി എടുക്കുന്നില്ലെന്ന് കാണിച്ച് ഷാഫിക്കെതിരെ നടപടി ആവശ്യപ്പെട്ട് നൂസൂറിൻറെയും ബാലുവിൻറെയും നേതൃത്വത്തിൽ 12 നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ആ കത്ത് മാധ്യമങ്ങൾക്ക് കിട്ടുകയും ചെയ്തു. പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിനിടെ വനിതാ അംഗത്തിൻറെ പീഡന പരാതി പുറത്തായതിന് പിന്നിൽ ബാലുവാണെന്ന് അന്ന് നടപടി നേരിട്ട വിവേക് നായർ ആരോപിച്ചതും വിവാദമായിരുന്നു.
യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി;വൈസ് പ്രസിഡന്‍റുമാരായ എൻഎസ് നുസൂറിനും എസ്എം ബാലുവിനും സസ്പെൻഷൻ
ചിന്തൻ ശിബിരം പരാതി വിവാദത്തിന് പിന്നാലെ ചാറ്റ് ചോർച്ചയും യൂത്ത് കോൺഗ്രസിൽ തർക്കത്തിലേക്ക് നയിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് നുസൂറിനെയും ബാലുവിനെയും യൂത്ത് കോൺഗ്രസ് സസ്പെന്റ് ചെയ്യുകയുമായിരുന്നു. കെപിസിസി പ്രസിഡന്റ് സുധാകരൻ അടക്കം ആവശ്യപ്പെട്ടിട്ടും ഇവർക്കെതിരായ നടപടി യൂത്ത് കോൺഗ്രസ് പിൻവലിച്ചിരുന്നില്ല.