
പാലക്കാട് : റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യ മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വനിത കമ്മീഷൻ കുറ്റപ്പെടുത്തി. അട്ടപ്പാടി സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നോട്ടീസിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയെ റോഡ് സൌകര്യമില്ലാത്തതിനെ തുടർന്നാണ് തുണി മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നത്. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.
കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്ക് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം. 2018 ലെ മഹാപ്രളയത്തിൽ തകർന്ന പാലം വർഷമിത്ര കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല. കൊടും മഴക്കാലത്തും പുഴ മുറിച്ച് കടന്നു വേണം ആദിവാസികൾക്ക് പുറം ലോകത്തെത്താൻ. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം നിർമ്മാണം വൈകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം, ഒന്നും രണ്ടുമല്ല പതിനഞ്ചിലേറെ കാട്ടാനകൾ !
കഴിഞ്ഞ ദിവസം യുവതിക്ക് പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ് വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.
'മന്ത്രി പറഞ്ഞത് തെറ്റ്, ഗർഭിണിയെ ചുമന്നത് രണ്ടരക്കിലോമീറ്ററിലേറെ'; മറുപടിയുമായി ഭർത്താവും എംപിയും