
കോട്ടയം : ഫ്ളക്സിൽ പടം വന്നാൽ കുളിരുകോരുന്ന ആളല്ല നാട്ടകം താനെന്ന് കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു. കോട്ടയത്തുണ്ടായിട്ടും കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു.
യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്‌ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുനതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല തൻ്റേത്. പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താൻ. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലും , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. പാർട്ടിയിലെ പ്രശ്നം പാർട്ടിയിൽ പരിഹരിക്കും. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കോട്ടയത്തേക്ക് വരുമ്പോൾ എപ്പോഴും വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവരും കോട്ടയത്ത് എത്തുമ്പോൾ പറയാറുണ്ട്. പാർട്ടിയുടെ പ്രവർത്തകർ അവർക്ക് പിന്തുണ നൽകുന്നുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam