
തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്ന് നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഇറങ്ങിപ്പോയി. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സി സി മുകുന്ദൻ പ്രതികരിച്ചു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേശ് കുമാറിന്റെയും, ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെയും വി എസ് സുനിൽകുമാറിന്റെയും രാഷ്ട്രീയ വൈരാഗ്യമാണ് പുറത്താക്കലിന് കാരണം എന്നാണ് സി സി മുകുന്ദൻ ആരോപിക്കുന്നത്. സി സി മുകുന്ദൻ എംഎൽഎയുടെ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ നിയമസഭ അലവൻസ് സാമ്പത്തിക ക്രമക്കേടിൽ എംഎൽഎ മൊഴി നൽകുകയും, പാർട്ടി നേതാക്കൾ പരിഹരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിവാക്കാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലും നിന്നതാണ് വ്യക്തി വൈരാഗ്യത്തിന് കാരണമെന്ന് സി സി മുകുന്ദൻ ആരോപിക്കുന്നു.
അതിനിടെ, കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്. കെ ജി ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിച്ചു. ടി ആർ രമേഷ് കുമാറിനെ ജില്ലാ സെക്രട്ടറി ആക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ടി ആർ രമേഷ് കുമാർ, വി എസ് സുനിൽ കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു.