നയന സൂര്യന്‍റെ മരണം: 'കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു'; പൊലീസിനെതിരെ മുൻ ഫോറൻസിക് മേധാവി

By Web TeamFirst Published Jan 10, 2023, 10:08 PM IST
Highlights

താൻ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തതിയതെന്നും ശശികല പറഞ്ഞു. അതിനിടെ നയനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സമഗ്ര അന്വേഷണമാവശ്യപ്പെട്ടു.

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യന്‍റെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഫോറൻസിക് മേധാവി ഡോ.ശശികല. താൻ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തതിയതെന്നും ശശികല പറഞ്ഞു. അതിനിടെ നയനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സമഗ്ര അന്വേഷണമാവശ്യപ്പെട്ടു.

നയനസൂര്യന്‍റെ മരണത്തിലെ മ്യൂസിയം പൊലീസിന്‍റെ ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയെന്ന് അടിവരയിടുന്നതാണ് ഡോ.ശശികലുടെ തുറന്ന് പറച്ചിൽ. നയനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറാണ് ശശികല. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം ആത്മഹത്യയെന്ന സൂചിപ്പിക്കുന്ന വിധത്തിലുള്ള ഡോ.ശശികലയുടെ മൊഴിയാണ് പൊലീസിന്‍റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിയതോ രക്തത്തിലെ പഞ്ചസാരയുടെ മരണം താഴ്ന്നതോ ആകാം മരണകാരണമെന്നായിരുന്നു ഡോക്ടറുടെ മൊഴിയായി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴിയാണ് ഡോ.ശശികല തള്ളുന്നത്.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മരണം കൊലപാതകമാകാനുള്ള സാധ്യത ഉന്നയിച്ചിട്ടും അത് മൊഴിയായി രേഖപ്പെടുത്താത്ത് എന്ത് കൊണ്ട്, പറഞ്ഞതിന് വിപരീതമായി ആത്മഹത്യയെന്ന നിലയിലേക്ക് മറ്റൊരു മൊഴി രേഖപ്പെടുത്താൻ കാരണമെന്ത്. നയനസൂര്യൻറഎ മരണത്തിലെ ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് വീണ്ടും കുരുക്കിലാകുകയാണ്. ഡോക്ടറുടെ മൊഴി കേസ് അന്വേഷിക്കുന്ന പുതിയ സംഘം രേഖപ്പെടുത്തും. അതിനിടെയാണ് കുറ്റക്കാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നയനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ബന്ധുക്കൾ, അന്വേഷണത്തിൽ സത്യം കണ്ടെത്താനായില്ലെങ്കിൽ കേന്ദ്ര ഏജൻസിക്ക് കേസ് വിടണമെന്ന് ആവശ്യപ്പെട്ടു.

മൂന്ന് വ‍ർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. 

click me!