
തൃശ്ശൂര്‍: സിനിമാ നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാന്റ് അംബാസിഡറായ ടൊവിനോ യുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയിൽ ചട്ടലംഘനം നടത്തിയ സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു.
ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വിഎസ് സുനിൽ കുമാര്‍ പ്രതികരിച്ചത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ തൃപ്തരാകാതെയാണ് ഇപ്പോൾ എൻഡിഎ ക്യാമ്പ് പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുന്നത്.
ഫോട്ടോ വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ ടൊവിനോയും പ്രതികരിച്ചിരുന്നു. 'എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ' എന്ന് വ്യക്തമാക്കിയ പ്രതികരണത്തിൽ താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു'- എന്നുമായിരുന്നു പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam