
വയനാട്: ഹൃദയ ധമനിയിലെ സുഷിരം മൂലം പ്രതിസന്ധിയിലായ നേപ്പാളി ബാലന് കൈത്താങ്ങായി മുൻ എംഎൽഎ സി കെ ശശീന്ദ്രനും നടൻ മമ്മൂട്ടിയും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യമായി നടത്തി. ശസ്ത്രക്രിയയ്ക്കും ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനുമൊടുവിൽ നേപ്പാളി ബാലനായ ബിക്രം ആശുപത്രി വിട്ടു.
നേപ്പാളിൽ നിന്ന് പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്. കൽപറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തിൽ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ സി കെ ശശീന്ദ്രന്റെ ശ്രദ്ധയിൽപെടുന്നത്.
ദല്ലോ സൗദിൻ്റെ കുടുംബത്തിന്റെ ഹൃദയവേദനയറിഞ്ഞ സി കെ ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് 'പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്'' എന്ന ജന്മനാലുളള ഹൃദയവൈകല്യവും ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദവും കണ്ടെത്തി. വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുമായും മമ്മുട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആന്റ് ഷെയറുമായും സംസാരിച്ചു.
ഒടുവിൽ രാജഗിരി ആശുപത്രിയിൽ ബിക്രമിന്റെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുങ്ങി. ശസ്ത്രക്രിയയിലൂടെ ഹൃദയ തകരാർ ഡോക്ടർമാർ വിജയകരമായി ഭേദമാക്കി. ശശീന്ദ്രനൊപ്പം നിറഞ്ഞ സന്തോഷത്തോടെ ബിക്രമും കുടുംബവും വയനാട്ടിലേക്ക് വണ്ടി കയറി. കരുതലിന്റെ കൈത്താങ്ങിൽ ബിക്രമിന് ഇനി വോളിബോൾ കളിക്കാം, പഠനം തുടരാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam