'സംഘടനാ തത്വങ്ങൾ തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ ഉപയോഗിച്ചു

കണ്ണൂര്‍: ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് "നേതൃത്വത്തെ അണികൾ തിരുത്തണ"മെന്ന പുസ്തകത്തിൽ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്. 

സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനെ നിശിതമായാണ് വിമർശിക്കുന്നത്. എതിർക്കുന്നവരോട് മരണംവരെ പകവച്ചുപുലർത്തുന്ന ആളാണ് എംഎൽഎയെന്നും ബൂർഷ്വാ രാഷ്ട്രീയ നേതാവിനെ ശൈലിയാണെന്നതടക്കം വിമർശനങ്ങൾ നീളുന്നു

പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. ഞാനാണ് പാർട്ടി ഞാൻ പറയുന്നതെ നടപ്പാവൂ എന്നാണ് രീതി. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കൾക്കാണ് എന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർത്ഥമാണെന്ന് കരുതിയാണ് തെറ്റുകൾ ചൂണ്ടിക്കാട്ടിയത്. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. 

'പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം" എന്ന തലക്കെട്ടോടെ അവസാന അധ്യായം തീരുന്നത് ഇങ്ങനെ: പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വിഎസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു". അതേ സമയം പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർ ഏറുകയാണ്. ഊർക്കര ബ്രാഞ്ച് യോഗം 12 പേർ ബഹിഷ്കരിച്ചു. കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് പ്രതിഷേധം. യോഗം ചേരാൻ കഴിയാതെ ഏരിയ കമ്മിറ്റിയംഗം മടങ്ങിയിരുന്നു.