
ദില്ലി: നെതര്‍ലാന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്‍റെ ഇടപെടല്‍. നെതര്‍ലാന്‍ഡ്സില്‍ ഇപ്പോള്‍ കുറവുള്ള മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെ അറിയിച്ചു. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു കേരളത്തിലെ നേഴ്സുമാര്‍ക്ക് വലിയ സഹായം കിട്ടാന്‍ സാധ്യതയുള്ള തീരുമാനമുണ്ടായത്.
നെതര്‍ലാന്‍ഡ്സില്‍ നേഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുള്ളത്. മുപ്പതിനായിരം മുതല്‍ നാല്പതിനായിരം വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍ഡ്സിന് ആവശ്യം. നേഴ്സുമാരുടെ ഈ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. കേരളത്തിലെ നേഴ്സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മികച്ചതാണെന്ന് ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
നെതര്‍ലന്‍ഡ്സിന് ആവശ്യമായ നേഴ്സുമാരെ കേരളത്തില്‍ നിന്ന് നല്‍കാനുള്ള നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്‍റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വിഷയങ്ങളും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. ഇതിന്‍റെ ഭാഗമായി നെതര്‍ലാന്‍ഡ്‍സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17,18 തീയതികളില്‍ കേരളത്തിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘവും ഇവരോടൊപ്പമുണ്ടാകുമെന്നും ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാപനപതി കേരളത്തിന് ഉറപ്പുനല്‍കി..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam